തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ ജില്ലയ്ക്കു പുറത്തുള്ള എസ്പിയെ നിയോഗിച്ച് ജില്ലാകളക്ടര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സൗത്ത് സോണ്‍ ഐ ജി നിര്‍ദേശിക്കണം.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് സ്വമേധയാ കേസെടുത്തത്.
കുഴി അടയ്ക്കാനുള്ള അധികാരം പൊതുമരാമത്ത് വകുപ്പിനാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തണം. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണം. എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മതിയായ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഐജി ലഭ്യമാക്കണം.
യുവാവിന്റെ ബന്ധുക്കള്‍, കുഴിയടയ്ക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ട നാട്ടുകാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴികളെടുക്കണം. ഇതേ സ്ഥലത്ത് മുമ്പ് അപകടങ്ങള്‍ നടന്നിട്ടുണ്ടോയെന്നും ജെയ്സ് ബെന്നി ഓടിച്ചിരുന്ന വാഹനത്തിന് പൂര്‍ണ ഇന്‍ഷ്വറന്‍സ് കവറേജ് ഉണ്ടോയെന്നും പരിശോധിക്കണം. മരിച്ചയാളുടെയും മാതാപിതാക്കളുടെയും വിലാസവും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണം.
കുഴി അടയ്ക്കാന്‍ ഉത്തരവാദിത്വമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരും വിലാസവും റിപ്പോര്‍ട്ടിലുണ്ടാവണം.യുവാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടിയെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കണം. അപകടത്തെകുറിച്ച് പൊതുമരാമത്ത് വകുപ്പിന്റെ ഇന്റേണല്‍ വിജിലന്‍സ് വിംഗ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമെങ്കില്‍ അതും ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥന് ആറാഴ്ചയ്ക്കകം സമഗ്രമായ അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറണം. റിപ്പോര്‍ട്ടിനൊപ്പം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും ചേര്‍ത്ത് രണ്ടാഴ്ചയ്ക്കകം കമ്മീഷനില്‍ സമര്‍പ്പിക്കണം.
യുവാവിന്റെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോയെന്നും നല്കാന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.പൊതുമരാമത്ത് (റോഡ്സ്) വകുപ്പ് ചീഫ് എന്‍ജിനിയര്‍ ആറാഴ്ചയ്ക്കകം പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിനൊപ്പം പൊതുമരാമത്ത് ഇന്റേണല്‍ വിജിലന്‍സ് വിംഗിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍ക്കൊള്ളിക്കണം.
ജില്ലാ കളക്ടറുടെയും ചീഫ് എന്‍ജിനിയറുടെയും പ്രതിനിധിയും അന്വേഷണ ഉദ്യോഗസ്ഥനും തൊടുപുഴയില്‍ നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരാകണമെന്നും തിയതി പിന്നീട് അറിയിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.